Thursday 26 May 2016

ജപമാലക്കിടയിൽ സാത്താൻ കൊന്തകളും ഉണ്ടോ?


നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചില കൊന്തകൾ പിശാചിന്റെ കൊന്തകളായതിനാൽ അവ കത്തിച്ചു കളയണമെന്ന് ചില അഭിഷിക്തർ ആവശ്യപ്പെടുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണ്? ഉപയോഗശൂന്യമായ കൊന്തകൾ എന്തുചെയ്യണം? പല വായനക്കാരും ഈ സംശയം എഴുതിച്ചോദിച്ചിരുന്നു. ഇതെക്കുറിച്ച് കൃത്യമായുളള ഒരു ഉത്തരത്തിനായി ഞങ്ങൾ സമീപിച്ചത് പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനായ റവ.ഡോ. ജോസഫ് പാംബ്ലാനിയെയാണ്. അദ്ദേഹം നൽകിയ മറുപടിയാണ് ചുവടെ;
അടുത്തകാലത്ത് കേരളത്തിൽ വ്യാപകമായി പ രന്ന തെറ്റിദ്ധാരണകളിലൊന്നാണ് ‘പിശാചിന്റെ കൊ ന്ത’ എന്ന പദപ്രയോഗം. പിശാച് കൊന്ത ചൊല്ലില്ല എന്നും നാരകീയ ശത്രുവായ പിശാചിന്റെ തല തക ർത്ത ദൈവപുത്രനെയും അവിടുത്തെ മാതാവിനെയുമാണ് കൊന്തയിലൂടെ ആദരിക്കുന്നത് എന്നും എല്ലാവർക്കും അറിവുള്ള വസ്തുതയാണ്. കൊന്തയുടെ അറ്റത്തെ കുരിശാണ് പൈശാചികം എന്നതാ ണ് മറ്റൊരു പ്രശ്‌നം. നാളിതുവരെ പിശാചിനെ തുരത്താനുള്ള അടയാളമായി ഉപയോഗിച്ചിരുന്ന ക്രൂശിതരൂപം പെട്ടെന്നൊരുനാൾ പിശാചിന്റെ പ്രതീകമായി മാറുന്നതിനു പിന്നിലെ ആധ്യാത്മിക അപകടത്തെ യും അപചയത്തെയുംകുറിച്ച് ഇതിന്റെ പ്രചാരകർ ചിന്തിക്കാതിരിക്കുന്നതു ശരിയല്ല.
സാത്താന്റെ ജപമാലകൾ ഉണ്ടോ?
സാത്താൻ ആരാധനയ്ക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ‘സാത്താൻ ജപമാലകൾ’ കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ മാത്രമാണ് പ്രചരിച്ചുതുടങ്ങിയത്. രണ്ടുതരത്തിലുള്ള ജപമാലകളാണ് സാത്താൻ ആരാധകരുടെയിടയിൽ നിലവിലുള്ളത്. ഒന്നാമതായി, പതിമൂന്നുമണി ജപമാല. ഇത് തല യോട്ടിയുടെ ആകൃതിയിലുള്ള 13 മണികൾ നിശ്ചിത അകലത്തിൽ ചേർത്തുകെട്ടിയ മാലയാണ്. രണ്ടാമത്തെ തരം ജപമാലയിൽ 108 മണികൾ ഉണ്ട്. ഇവയുടെ മണികൾ തലയോട്ടിയുടെ ആകൃതിയിലല്ല. സാധാരണ മുത്തുകൾ പോലെയുള്ളവയാണ്. രണ്ടു ജപമാലകളുടെ അറ്റത്തും തലകീഴായുള്ള ക്രൂശിതരൂപങ്ങളുണ്ട്. ക്രിസ്തുവിനെ സാത്താൻ പരാജയപ്പെടുത്തി എന്നു സൂചിപ്പിക്കാനാണത്രേ തലകീഴായി ക്രൂശിതരൂപം ഉപയോഗിക്കുന്നത്. ജപമാലയുടെ ലോക്കറ്റായി (മൂന്നും ചേരുന്ന കണ്ണി) അഞ്ച് ദളങ്ങളുള്ള നക്ഷത്രവലയമാണ് ഉപയോഗിക്കുന്നത്. ക്രൈ സ്തവജപമാലയെ അനുകരിച്ച് ‘നരകപിതാവിനോടുള്ള ജപം’ (സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയെ പരിഹസിച്ചുകൊണ്ട്) ‘അഷ്‌തേരായോടുള്ള പ്രാർത്ഥന’ (നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയെ ആക്ഷേപിച്ചുകൊണ്ട്) പൈശാചിക ത്രീത്വസ്തുതി എന്നിവ ചേരുന്നതാണ് ഈ ജപമാല. ഇതിലെ പല ആചാരങ്ങളും അശ്ലീലധ്വനിയുള്ളവയാണ്. സന്തോഷം, ദുഃഖം, മഹിമ, പ്രകാശം എന്നീ നാലു വിഭാഗങ്ങളിലാണ് സാത്താൻ ജപമാലയുടെ ‘രഹസ്യങ്ങൾ’ ക്രമീകരിച്ചിരിക്കുന്നത്. ചുരുക്കത്തിൽ കത്തോലിക്കാ ജപമാലഭക്തിയെ പരിഹാസ്യമായി അനുകരിച്ച് സാത്താനെ സ്തുതിക്കുന്ന കർമ്മമാണ് സാത്താൻ ജപമാല. ഇതിനുവേണ്ടി നിർമ്മിക്കപ്പെട്ട പൈശാചിക ഭക്തവസ്തുവാണ് സാത്താൻ കൊന്ത. മേൽപറഞ്ഞ ലക്ഷണങ്ങളില്ലാത്ത കൊന്തകൾ സാത്താൻ കൊന്തകളല്ല. ആകൃതിയിലും മണികളുടെ എണ്ണത്തിലും കുരിശുരൂപത്തിന്റെ നിലയിലും കത്തോലിക്കാ കൊന്തകളിൽനിന്ന് ഇവ തികച്ചും വ്യത്യസ്തമാണ്. അതിനാൽ തന്റെ കൈവശമുള്ള സാധാരണ കൊന്ത അബദ്ധവശാൽ സാത്താന്റെ കൊന്ത ആയിരിക്കുമോ അഥവാ ആയിത്തീരുമോ എന്ന ആശങ്ക ആർക്കും ആവശ്യമില്ല. പ്രസ്തുത കൊന്ത ഉപയോഗിച്ചുള്ള ജപമാല പ്രാർത്ഥന സാത്താന്റെ സ്തുതിപ്പ് ആകുകയുമില്ല. കാരണം സാത്താന്റെ ജപമാല പ്രാർത്ഥനയിൽ നിയതമായ സാത്താൻ സ്തുതിപ്പുകളും ആംഗ്യങ്ങളുമാണുള്ളത്.

കുരിശും സർപ്പവും
ചില കൊന്തകളിലെ കുരിശുരൂപത്തിൽ സർപ്പത്തിന്റെ ചിത്രീകരണമുണ്ട്. ഇത് സാത്താൻ കൊന്തയുടെ ലക്ഷണമാണെന്ന് പരക്കെ വ്യാഖ്യാനിക്കപ്പെടാറുണ്ട്. എന്നാൽ ഇത് അജ്ഞതകൊണ്ടു പ്രചരിപ്പിക്കപ്പെടുന്ന അബദ്ധമാണ് എന്നു പറയാതെ തരമില്ല. കാരണം സഭയുടെ പാരമ്പര്യത്തിൽ ആദ്യകാലംമുതലേ സർപ്പവും കുരിശും തമ്മിലുള്ള പ്രതീകാത്മകത ഊന്നിപ്പറയപ്പെട്ടിരുന്നു. സഭയിൽ വിശുദ്ധ കുരിശിനോടും ക്രൂശിതരൂപത്തോടുമുള്ള ഭക്തി പ്രചരിപ്പിച്ചത് കോൺസ്റ്റന്റയ്ൻ ചക്രവർത്തിയുടെ അമ്മയായ ഹെലേനാ രാജ്ഞിയാണെന്നത് സുവിദമാണല്ലോ. കോൺസ്റ്റന്റയ്‌ന്റെ കാലത്തുതന്നെ പുറത്തിറക്കിയ റോമൻ നാണയങ്ങളിൽ കുരിശിൻ ചുവട്ടിൽ (ക്രിസ്റ്റോഗ്രാം പതിച്ച കൊടിമരം) പാമ്പിനെ ചിത്രീകരിച്ചിരുന്നു. നാരകീയ ശത്രുവായ പിശാചിന്റെ തല ക്രിസ്തുവിന്റെ കുരിശ് തകർത്തു എന്നതാണ് ഈ ചിത്രീകരണത്തിന്റെ അർത്ഥം.
സർപ്പദംശനം ചികിത്സയില്ലാത്ത ദുരന്തമായിരുന്ന കാലഘട്ടത്തിൽ സർപ്പവിഷത്തെ സർവ്വനാശത്തിന്റെ പ്രതീകമായി യഹൂദർ മനസ്സിലാക്കിയിരുന്നു. തിന്മവഴിയുള്ള നാശം സർപ്പവിഷംമൂലമുള്ള നാശംപോലെ വിനാശകാരിയാണ് എന്നതാണ് വി. ഗ്രന്ഥകാരന്റെ ഭാഷ്യം. കാലാന്തരത്തിൽ സർപ്പം തിന്മയുടെ പ്രതീകമായി മാറി (സങ്കീ 58:4; 140:3; സുഭാ 23:32; ജറെ 8:17; ഏശ 14:29). ആദിമാതാപിതാക്കളെ ചതിച്ച സർപ്പത്തെ (ഉൽപ 3:2-7) പിശാചായി വെളിപാടുഗ്രന്ഥകാരൻ ചിത്രീകരിക്കുന്നുണ്ട് (വെളി 12:9; 20:2). അതിനാൽ കുരിശിൻചുവട്ടിൽ സർപ്പത്തെ ചിത്രീകരിക്കുകവഴി തിന്മയുടെമേലുള്ള ക്രിസ്തുവിന്റെ വിജയത്തെയാണ് പ്രതീകമായി ചിത്രീകരിക്കുന്നത്.
അന്ത്യോക്യൻ പാരമ്പര്യത്തിൽ കുരിശിൽ പാമ്പിനെ ചിത്രീകരിക്കുന്ന പതിവ് സർവ്വസാധാരണമായിരുന്നു. ഇന്നും അന്ത്യോക്യൻ മെത്രാന്മാരുടെ അംശവടികളിൽ കുരിശും സർപ്പവും സംയുക്തമായി ചിത്രീകരിക്കപ്പെടാറുണ്ട്. സംഖ്യ 21:8-ൽ പരാമർശിക്കുന്ന പിത്തളസർപ്പത്തെയാണ് ഇവിടെ പ്രതീകവത്കരിക്കുന്നത്. മരുഭൂമിയിലെ ആഗ്നേയ സർപ്പങ്ങളുടെ വിഷദംശനത്തിൽനിന്നും രക്ഷനേടുന്നതിനുള്ള രക്ഷാസൂചകമായിട്ടാണ് ഇവിടെ പിത്തളസർപ്പം നൽകപ്പെടുന്നത്.
മരുഭൂമിയിൽ ഉയർത്തപ്പെട്ട പിത്തളസർപ്പത്തോട് ക്രിസ്തു തന്റെ കുരിശുമരണത്തെ താദാത്മ്യപ്പെടുത്തുന്നത് യോഹ 3:14 ൽ വിശദീകരിക്കുന്നുണ്ട്. സർപ്പം സാത്താന്റെ പ്രതീകമായി മാത്രമല്ല, രക്ഷയുടെ പ്രതീകമായും ബൈബിളിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന് ഈ പരാമർശങ്ങൾ വ്യക്തമാക്കുന്നു. മരുഭൂമിയിലെ പിത്തളസർപ്പവും ക്രിസ്തുവിന്റെ കുരിശും രക്ഷയുടെ പ്രതീകങ്ങളാണ്. ഈ രക്ഷാപ്രതീകങ്ങളെ സംയുക്തമായി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചില കുരിശുരൂപങ്ങളിൽ സർപ്പത്തെ ചിത്രീകരിക്കുന്നത്.
മാനസാന്തരജീവിതത്തെ പാമ്പ് പടംപൊഴിച്ച് യൗവനം വീണ്ടെടുക്കുന്ന പ്രവൃത്തിയോടു താദാത്മ്യപ്പെടുത്തുന്ന അനേകം ഉദാഹരണങ്ങൾ സഭാപിതാക്കന്മാരുടെ രചനകളിൽ കാണാം. തന്മൂലം പാമ്പിനെ പിശാചായി മാത്രമേ കരുതൂ എന്ന നിർബന്ധബുദ്ധി ആർക്കും ആവശ്യമില്ല. സർപ്പത്തിന്റെ വിവേകത്തെക്കുറിച്ചുള്ള ക്രിസ്തുവിന്റെ പരാമർശം (മത്താ 10:16) നമ്മുടെ ചിന്തകൾക്ക് നേർദിശ ലഭിക്കാൻ സഹായകമാണ്. പാമ്പിന്റെ പടം കണ്ടാൽ ഉടനേ ‘അയ്യോ, പിശാചു വന്നേ’ എന്നു നിലവിളിക്കേണ്ടതില്ല എന്നു ചുരുക്കം.
ക്രൂശിതരൂപത്തിന്റെ ഇടതുപക്ഷം
ഇടത്തോട്ടു തലചായിച്ച കുരിശുരൂപങ്ങളും ഇടതുകാൽ വലതുകാലിന്റെ മുകളിൽ വച്ചു തറയ്ക്കപ്പെട്ട കുരിശുരൂപങ്ങളും പൈശാചിക കുരിശുകളാണ് എന്നതാണ് മറ്റൊരു കിംവദന്തി. മിശിഹാ ‘അനന്തരം തലചായ്ച്ച് ജീവൻ വെടിഞ്ഞു എന്ന അർത്ഥത്തിലാണ് നാലു സുവിശേഷങ്ങളും യേശുവിന്റെ മരണത്തെ ചിത്രീകരിക്കുന്നത് (മത്താ 25:54-56; മർക്കോ 15:33-41; ലൂക്കാ 23:44-49; യോഹ 19:28-30). ഇരുകരങ്ങളും ശിരസ്സിനേക്കാളും ഉയർന്നതലത്തിൽ വലിച്ചുനീട്ടി തറയ്ക്കപ്പെട്ട ക്രൂശിതവ്യക്തിയുടെ ശിരസ്സ് ചായുന്നത് ഇടത്തേക്കോ വലത്തേക്കോ അല്ല നേരെ താഴോട്ടായിരിക്കും എന്നതാണ് സത്യം. ‘അവൻ തലചായ്ച്ച് ആത്മാവിനെ നൽകി’ എന്ന യോഹന്നാൻ സുവിശേഷകന്റെ പരാമർശം ഈ അർത്ഥത്തിൽ ശ്രദ്ധേയമാണ്.
യേശുവിന്റെ കാലുകളിൽ ആണി തറച്ചിരുന്നില്ല എന്ന ശക്തമായ പാരമ്പര്യം നിലവിലുണ്ട്. കാരണം റോമൻ കുരിശുവധത്തിൽ അപൂർവ്വമായേ കാലുകളിൽ ആണി അടിച്ചിരുന്നുള്ളു. കാലിൽ ആണി അടിച്ചിരുന്ന സന്ദർഭങ്ങളിൽ വലതുകാൽപാദത്തിനു മുകളിൽ ഇടതുകാൽപാദം ചേർത്തുവച്ചാണ് കുരിശിൽ തറച്ചിരുന്നത്. ബൈബിൾ ഇക്കാര്യത്തിൽ മൗനം ദീ ക്ഷിക്കുന്നതിനാൽ കാൽപാദങ്ങളുടെ സ്ഥാനത്തെക്കുറിച്ച് വിവാദമുണ്ടാക്കുന്നതിൽ അർത്ഥമില്ല. ഇടതുപാദവും വലതുപാദവും ഒരുപോലെ യേശുവിന്റെ പാദങ്ങൾ തന്നെയാണല്ലോ. തന്മൂലം ഇത്തരം ബാലിശമായ വിവാദങ്ങൾക്കു വിരാമമിടാം.
കൊന്ത ഒരു ഭക്തവസ്തു
കൊന്ത പ്രാർത്ഥനയ്ക്ക് സഹായിക്കുന്ന ഒരു ഭക്തവസ്തു മാത്രമാണ്. ഒരു കൊന്തയും അതിൽത്തന്നെ വിശുദ്ധമോ ദൈവികമോ അല്ല. സഭയുടെ വിശുദ്ധിയിൽ പങ്കാളിത്തം നൽകുന്ന വിശുദ്ധീകരണ കർമ്മത്തിലൂടെ (വെഞ്ചരിപ്പിലൂടെ) യാണ് കൊന്ത വിശുദ്ധമാകുന്നത്. ദേവാലയത്തിനായുള്ള കെട്ടിടം എത്ര മനോഹരമായി പണിയപ്പെട്ടതാണെങ്കിലും മെത്രാൻ കൂദാശ ചെയ്യുംവരെ അത് വെറുമൊരു കെട്ടിടം മാത്രമാണ് എന്നതുപോലെ, കൊന്തയുടെ ഭംഗിയോ ആകൃതിയോ അല്ല സഭയുടെ വിശുദ്ധീകരണമാണ് കൊന്തയെ വിശുദ്ധ വസ്തുവാക്കുന്നത്. തന്മൂലം തങ്ങളുടെ കൊന്തയെക്കുറിച്ച് എന്തെങ്കിലും ആശങ്ക നിലനില്ക്കുന്നവർ അത് വെഞ്ചരിപ്പിച്ച് വിശുദ്ധ വസ്തുവായി ഉപയോഗിക്കുക. വെഞ്ചരിച്ച ഒരു കൊ ന്തയെയും പൈശാചികമായി കരുതരുത്.
ഉപയോഗശൂന്യമായ വിധത്തിൽ പൊട്ടിപ്പോയ കൊന്തകൾ എന്തുചെയ്യും എന്നതും പ്രസക്തമായ ചോദ്യമാണ്. അഗ്നിക്കിരയാക്കുകയോ മനുഷ്യർ സാധാരണ നടക്കാത്ത മണ്ണിൽ മറവു ചെയ്യുകയോ ആണ് ഉപയോഗശൂന്യമായ വിശുദ്ധവസ്തുക്കളെക്കുറിച്ചുള്ള പാരമ്പര്യം. കൊന്തയ്ക്കും മറ്റെല്ലാ ഭക്തവസ്തുക്കൾക്കും ഇതു ബാധകമാണ്.
വഴിയാത്രക്കാരനായ വൃദ്ധബ്രാഹ്മണന്റെ ആടിനെ തട്ടിയെടുക്കാൻ മൂന്ന് കള്ളന്മാർ വ്യത്യസ്ത സ്ഥലങ്ങളിൽ വച്ച് ‘നമ്പൂതിരി എന്താ പട്ടിയേയുംകൊണ്ട് പോകുന്നത്’ എന്നുചോദിച്ച കഥ നമുക്ക് പരിചിതമാണല്ലോ. ആവർത്തിച്ചുള്ള ചോദ്യംകേട്ട് ബ്രാഹ്മണൻ ആടിനെ ഉപേക്ഷിച്ച് ഓടിപ്പോയത്രേ. മേൽപ്പറഞ്ഞ കൊന്തവിവാദങ്ങൾക്കു പിന്നിൽ ഈ കഥയിലെ പ്രശ്‌നംതന്നെയാണുള്ളത്.
നൂറ്റാണ്ടുകളായി വിശ്വാസികൾ നെഞ്ചോടു ചേർത്തുപിടിച്ച ജപമാലകൾ പൈശാചികമാണെന്ന സംശയം ജനിപ്പിച്ച് അത് നശിപ്പിക്കാൻ പ്രേരിപ്പിക്കുന്നത് തീർച്ചയായും സാത്താന്റെ ഗൂഢതന്ത്രത്തിന്റെ ഭാഗമാണ്. ഇത്തരം ഉപദേശം നൽകുന്ന അഭിഷിക്തർ ആരെങ്കിലുമുണ്ടെങ്കിൽ അവർ സത്യമറിയാൻ വൈകരുത്.

രക്ഷയുടെ അടയാളമായ കുരിശിനെ സകല സംശയങ്ങളും നീക്കി നമുക്ക് സധൈര്യം ഹൃദയത്തോടു ചേർത്തുപിടിക്കാം.


No comments:

Post a Comment