Friday 15 July 2016

തോമാശ്ലീഹ



എ.ഡി.52-ൽ ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാളായിരുന്ന തോമസ് അപ്പസ്‌തോലൻ, കപ്പൽ മാർഗ്ഗം കേരളത്തിൽ ആഗതനായി എന്നാണ് കേരള ക്രൈസ്തവരുടെയിടയിലുള്ള പാരമ്പര്യം. തുടർന്നു കേരളത്തിൽ ക്രൈസ്തവ സന്ദേശം പ്രഘോഷിക്കുകയും ഒരു ക്രൈസ്തവ കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു. സുമാർ 1950 വർഷങ്ങൾക്കു മുമ്പു നടന്ന ഈ സംഭവത്തിനു പാരമ്പര്യങ്ങളും ഐതിഹ്യങ്ങളുമല്ലാതെ ചരിത്രസാക്ഷ്യങ്ങൾ തുലോം വിരളമാണ്. അതേയവസരത്തിൽ തോമസ് അപ്പസ്‌തോലനാണ് ഞങ്ങളുടെ ക്രൈസ്തവ കൂട്ടായ്മയ്ക്ക് ആരംഭം കുറിച്ചതെന്ന് നൂറ്റാണ്ടുകളായി വിശ്വസിച്ചു പോരുന്ന ഒരു സമുദായ വിഭാഗം കേരളത്തിലുടനീളം ദൃശ്യമാണുതാനും. അപ്പോൾ ഈ പാരമ്പര്യങ്ങളുടെയും വിശ്വാസങ്ങളുടെയും നിജസ്ഥിതി വ്യക്തമാക്കുന്നതിനുള്ള ഏക പോംവഴി സാഹചര്യതെളിവുകളെ ആശ്രയിക്കുകയെന്നുള്ളതാണ്. അക്കാലത്ത് പൗരാണിക റോമൻ സാമ്രാജ്യവും കേരളവുമായി വ്യാപകമായ തോതിൽ വ്യാപാര ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി കാണാം. അവയെപ്പറ്റിയുള്ള രേഖകൾ സുലഭമാണുതാനും. പ്രസ്തുത സാഹചര്യത്തിൽ തോമസ് അപ്പസ്‌തോലന്റെ പ്രവർത്തനങ്ങളെപ്പറ്റി ഒരു പരിധിവരെ വസ്തുനിഷ്ഠമായ ഒരു ചിത്രം ലഭിക്കുന്നതിന്, ആ പുണ്യദേഹത്തിന്റെ ആഗമനവും പ്രവർത്തനങ്ങളും റോമൻ വാണിജ്യ സമ്പർക്കങ്ങളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിരുന്നോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

കേരളവും പൗരാണിക റോമൻ സാമ്രാജ്യവും തമ്മിൽ നിലനിന്നിരുന്ന വാണിജ്യസമ്പർക്കം ഉടലെടുത്തതുതന്നെ അന്നു കേരളത്തിൽ മാത്രം ഉൽപ്പാദിപ്പിച്ചിരുന്ന കുരുമുളകിനെ കേന്ദ്രീകരിച്ചായിരുന്നു എന്നതാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത. കുരുമുളക് അന്ന് റോമിൽ ഏറ്റവും പ്രിയപ്പെട്ട വ്യഞ്ജനമായിരുന്നു. എ.ഡി.408-ൽ അലാറിക് റോമിനെ ആക്രമിച്ചപ്പോൾ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് 3000 റാത്തൽ കുരുമുളകായിരുന്നുവത്രെ. ഇത്രമാത്രം പ്രിയമുള്ള കുരുമുളക് വാങ്ങുന്നതിനുവേണ്ടിയാണ് റോമൻ വർത്തകർ കേരളത്തിൽ എത്തിയിരുന്നതും വാണിജ്യസമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നതും.

ഈ സമ്പർക്കത്തിന്റെ തുടക്കം എങ്ങനെയായിരുന്നുവെന്ന കാര്യം വ്യക്തമല്ല. എന്നിരുന്നാലും ക്രിസ്തബ്ദത്തിന്റെ ആരംഭത്തിൽ തന്നെ കുരുമുളക് വാങ്ങുന്നതിനായി നിരവധി റോമൻ കപ്പലുകൾ അന്നു തെക്കേ ഇന്ത്യയിലെ പ്രമുഖ രാജ്യാന്തര വ്യാപാരകേന്ദ്രമായിരുന്ന മുസ്സിറസ്സിൽ (കൊടുങ്ങല്ലൂരിൽ) വന്നുകൊണ്ടാണിരുന്നത്. തുടക്കത്തിൽ കപ്പൽ ഗതാഗതം വളരെ അപകടം നിറഞ്ഞ ഒന്നായിരുന്നു. എന്നാൽ ഹിപ്പാലൂസ് എന്ന നാവികൻ കാലവർഷത്തിന്റെ ഗതിയനുസരിച്ച്, കപ്പൽ ഓടിക്കുന്നതിനുള്ള അറിവു സ്വായത്തമാക്കിയതോടെ കപ്പൽയാത്ര സുഗമമായിത്തീർന്നു. അതോടെ ചെങ്കടൽ മുഖത്തുള്ള ഒക്കേലൂസ് തുറമുഖത്തുനിന്നും കാലവർഷത്തിന്റെ തുടക്കത്തിൽ, അതായത് ജൂൺ-ജൂലൈ മാസങ്ങളിൽ പുറപ്പെടുന്ന കപ്പലുകൾക്ക് 40 ദിവസം കൊണ്ട് മുസ്സിറത്തിൽ എത്തിച്ചേരാൻ സാധിച്ചിരുന്നു. അക്കാലത്ത് റോമൻ സാമ്രാജ്യത്തിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രം അലക്‌സാണ്ട്രിയയായിരുന്നു. റോമൻ സാമ്രാജ്യത്തിലെ വർത്തകർ, അലസാക്ണ്ട്രിയയിൽ നിന്നും സൂയസ് കരയിടുക്കിന്റെ കിഴക്കേ തീരത്തേക്ക് കരമാർഗ്ഗമായും തുടർന്ന് അവിടെയുള്ള മേയൂസ് ഹോർമോസിൽ നിന്നും കപ്പൽ മാർഗ്ഗം ചെങ്കടൽ മുഖത്തുള്ള ഒക്കേലിസിലേക്കും ഒക്കേലിസിൽ നിന്നും വീണ്ടും കപ്പൽ മാർഗ്ഗം മുസ്സിറിസ്സിലേക്കും എത്തിച്ചേരുകയായിരുന്നു പതിവ്.

അന്ന് കേരളത്തിലെ പ്രമുഖ വാണിജ്യകേന്ദ്രങ്ങളായിരുന്ന തിണ്ടിസ് (കടലുണ്ടി), മുസിറസ്(കൊടുങ്ങല്ലൂർ), നെൽക്കിണ്ട(നിരണം), ബൊർക്കാറെ(പുറക്കാട്) തുടങ്ങിയ സ്ഥലങ്ങളിൽ എത്തിയിരുന്ന വർത്തകർ, സ്വർണ്ണം, വെള്ളി, ചെമ്പ് തുടങ്ങിയവയ്ക്കു പകരം കുരുമുളക്, വൈഡൂര്യം, പവിഴം, മുത്ത് തുടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ക്രയവിക്രയത്തിലാണ് ഏർപ്പെട്ടിരുന്നത്. ഇക്കാര്യങ്ങളെല്ലാം അക്കാലത്തു രചിച്ച ”പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സി” എന്ന യാത്രാ ലഘുലേഖയിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നത് പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു.

റോമൻ ഗ്രന്ഥങ്ങളിൽ മാത്രമല്ല, അക്കാലത്തെ തമിഴ് കൃതികളിലും ഇപ്രകാരമുള്ള വ്യാപാരത്തെപ്പറ്റി വ്യക്തമായ പരാമർശങ്ങൾ കാണാവുന്നതാണ്. ഇവിടെയെത്തിയിരുന്ന കപ്പലുകളെ യവനരുടെ കപ്പലുകളെന്നും അതിൽ വന്നിരുന്ന വർത്തകരെ യവനരെന്നുമാണ് തമിഴ്കൃതികളിൽ പരാമർശിച്ചിരിക്കുന്നതുതന്നെ.

ഇങ്ങനെയുള്ള സാഹചര്യത്തിൽ ഒരു റോമൻ പൗരനായിരുന്ന തോമസ് അപ്പസ്‌തോലൻ കേരളത്തിൽ വന്നുചേരുന്നത് അത്ര പ്രയാസമുള്ള ഒരു കാര്യമായിരുന്നില്ല. അദ്ദേഹം പാലസ്തിനായിൽ നിന്നും കരമാർഗ്ഗം സീനായ് മരുഭൂമി കടന്ന്, അലക്‌സാണ്ട്രിയായിലെത്തിയശേഷം അവിടെ നിന്നും കപ്പൽ മാർഗ്ഗം ചെങ്കടൽ മുഖത്തും തുടർന്ന് കേരളത്തിലും ആഗതനായി എന്നുവേണം വിചാരിക്കുവാൻ. മാർഗ്ഗമധ്യേ ചെങ്കടൽ മുഖത്തുള്ള സൊക്രാട്ടാ ദ്വീപിലും ക്രൈസ്തവ സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് പരമ്പരാഗതമായ വിശ്വാസം. ഇന്ത്യയിൽ നിന്നും ഗ്രീസിൽ നിന്നും അറേബ്യയിൽ നിന്നും വ്യാപാരികൾ എത്തുകയും വ്യാപാരം നടത്തുകയും ചെയ്തിരുന്ന ഒരു ആസ്ഥാനമായിരുന്നു സോക്രട്ട. തോമസ് അപ്പസ്‌തോലൻ സ്ഥാപിച്ച ക്രൈസ്തവ കൂട്ടായ്മ വി.ഫ്രാൻസിസ് സേവ്യറുടെ കാലത്തും അവിടെ നിന്നിരുന്നതാണ്. അതിനുശേഷമാണ് അത് അവിടെനിന്നും തിരോധാനം ചെയ്തതുതന്നെ.

എന്നാൽ ഒരു കേരളീയനായ റ്റി.കെ.ജോസഫ് അടക്കം ചിലർ തോമസ് അപ്പസ്‌തോലൻ കേരളത്തിൽ വന്നിട്ടുണ്ടോയെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ”തോമായുടെ നടപടികൾ” എന്ന സുറിയാനി ഗ്രന്ഥമാണ് അവരുടെ സംശയങ്ങൾക്ക് മുഖ്യ ആധാരം. മൂന്നാം ശതകത്തിൽ രചിച്ചതും ഗ്രീക്ക്, ലത്തീൻ, അറമേനിയൻ എന്നീ ഭാഷകളിൽ തർജ്ജമകൾ പുറത്തു വന്നിട്ടുള്ളതുമായ ഈ ഗ്രന്ഥത്തിനു എഡേസ്സാ തുടങ്ങിയ പ്രദേശങ്ങളിൽ അക്കാലത്തു വളരെ പ്രചാരം ലഭിച്ചിരുന്നു. ഈ ഗ്രന്ഥം ഒരു ഐതിഹ്യകഥയാണെങ്കിലും ചില ചരിത്രസത്യങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ടാകാമെന്നാണ് പലരുടെയും അഭിപ്രായം.

തോമസ് അപ്പസ്‌തോലൻ ക്രൈസ്തവ സന്ദേശം പ്രചരിപ്പിച്ചത് തെക്കേ ഇന്ത്യയിലല്ലെന്നും ഇന്നത്തെ പാക്കിസ്ഥാനിൽ ഉൾപ്പെടുന്ന പഴയ വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ ആയിരുന്നു എന്നുമാണ് തോമ്മായുടെ നടപടികൾ നൽകുന്ന സൂചന എന്നാണ് അവരുടെ വാദഗതി. അക്കാലത്ത് ഈ വടക്കു പടിഞ്ഞാറൻ ഇന്ത്യൻ പ്രദേശങ്ങൾ, പാർത്തിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. അവിടെ ഭരിച്ചിരുന്ന ഗുണ്ടഫർ രാജാവിന്റെ താൽപര്യപ്രകാരമാണ് അപ്പസ്‌തോലൻ കപ്പൽമാർഗ്ഗം അവിടെ എത്തിയെന്നാണ് നടപടികൾ നൽകുന്ന വിവരം. പാർത്തിയായിൽ ഉൾപ്പെട്ടിരുന്ന വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ ക്രൈസ്തവ സന്ദേശം പ്രചരിപ്പിച്ചതിനുശേഷം, അപ്പസ്‌തോലൻ മാസ്ഡിയായിലേക്കു പോവുകയും അവിടുത്തെ രാജാവിന്റെ അപ്രീതിക്കിരയായിത്തീർന്ന അപ്പസ്‌തോലൻ രാജകൽപനപ്രകാരം വധിക്കപ്പെടുകയാണുണ്ടായതെന്നുമാണ് തോമ്മായുടെ കൽപനകൾ തുടർന്നു നൽകുന്ന വിവരം.

ഇന്നത്തെ ഇറാന്റെ ചില ഭാഗങ്ങളും തക്ഷശിലയടക്കമുള്ള ചില ഇന്ത്യൻ ഭൂവിഭാഗങ്ങളും ഭരിച്ചിരുന്ന പാർത്തിയൻ വംശത്തിലെ ഒരു രാജാവായിരുന്നു ഗൊർഡഫോർണസ്. തോമ്മായുടെ നടപടികളിൽ പറയുന്ന ഗുണ്ടഫറും, സാക്ഷാൽ ഗൊർഡഫോർണസും ഒരാളാണെന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം. അങ്ങനെയെങ്കിൽ തോമസ് അപ്പസ്‌തോലൻ വടക്കേ ഇന്ത്യയിൽ ക്രൈസ്തവ സന്ദേശം പ്രചരിപ്പിച്ചു എന്ന വസ്തുത ശരിയല്ലെന്നു പറയുവാൻ ബുദ്ധിമുട്ടാണ്. അതേ സമയം തന്നെ തോമസ് അപ്പസ്‌തോലന്റെ തെക്കേ ഇന്ത്യൻ സന്ദർശനത്തിന് ഉപോത്ബലകമായി വേറൊരു സാധ്യതയിലേക്കും നടപടികൾ സൂചന നൽകുന്നുണ്ട് എന്നുകൂടി പറയുവാൻ സാധിക്കും. തോമസ് അപ്പസ്‌തോലൻ കേരള പാരമ്പര്യ ചരിത്രമനുസരിച്ച് കൊടുങ്ങല്ലൂരിൽ എത്തിച്ചേർന്നത് എ.ഡി.52-ൽ ആയിരുന്നു. എ.ഡി.33 മുതൽ എ.ഡി.52 വരെയുള്ള നീണ്ട 19 വർഷക്കാലത്തു തോമസ് അപ്പസ്‌തോലൻ പാർത്തിയൻ രാജ്യത്തിലായിരുന്നു എന്നു പറഞ്ഞാൽ അതൊരു യാഥാർത്ഥ്യമായിരിക്കാം. എന്നാൽ അതിനുശേഷം തെക്കേ ഇന്ത്യയിൽ എത്തിയെന്നുവന്നാൽ അതിലും അപാകതയൊന്നുമില്ല. തന്നെയുമല്ല, തോമ്മായുടെ നടപടികൾ നൽകുന്ന വിവരം അനുസരിച്ച് അപ്പസ്‌തോലൻ പാർത്തിയായിൽ നിന്നും മാസ്ഡിയായിലേക്കു പോയിട്ടുണ്ടാകണം.

എന്നാൽ എവിടെയാണി മാസ്ഡിയ? ഇത്തരുണത്തിൽ മാസ്ഡിയായിലെ മന്ത്രിയും തോമ്മായും കാളകൾ വലിക്കുന്ന ഒരു രഥത്തിൽ യാത്ര തിരിച്ചു എന്ന ഒരുദ്ധാരണം തോമ്മായുടെ നടപടികളിൽ നിന്നും മൊറയിസ് എന്ന ഇന്ത്യൻ ചരിത്രകാരൻ രേഖപ്പെടുത്തിയിരിക്കുന്നത് വളരെ ശ്രദ്ധേയമാണ്. തുടർന്ന് തെക്കേ ഇന്ത്യയൊഴികെ എവിടെയെങ്കിലും കാളകൾ വലിക്കുന്ന രഥത്തെ കാണുവാൻ സാധിക്കുമോ എന്ന സംശയം മൊറയിസ് തന്നെ ഉന്നയിക്കുന്നത് വളരെ അർത്ഥവത്താണു താനും. അപ്പോൾ തോമസ് അപ്പസ്‌തോലന്റെ കേരള സന്ദർശന സാധ്യതയെ തോമ്മായുടെ നടപടികൾ ഒരു വിധത്തിലും ചോദ്യം ചെയ്യുന്നില്ല എന്ന നിഗമനത്തിൽ എത്തിച്ചേരുന്നു.

ക്രൈസ്തവ സന്ദേശവുമായി കേരളത്തിൽ ആഗതനായ അപ്പസ്‌തോലൻ കൊടുങ്ങല്ലൂർ, പാലയൂർ, കോട്ടക്കാവ്, കോക്കമംഗലം, കൊല്ലം, നിരണം, നിലക്കൽ എന്നീ ഏഴു കേന്ദ്രങ്ങളിലാണ് ആദിമ ക്രൈസ്തവ കൂട്ടായ്മകൾക്ക് തുടക്കമിടുന്നതെന്നാണ് പൊതുവെയുള്ള വിശ്വാസം. ഇവയിൽ പാലയൂർ, കോട്ടക്കാവ്, കോക്കമംഗലം,കൊല്ലം, നിരണം എന്നീ സ്ഥലങ്ങളിൽ അപ്പസ്‌തോലൻ സ്ഥാപിച്ചു എന്നു കരുതപ്പെടുന്ന പ്രാർത്ഥനാലയങ്ങൾ, പല മാറ്റങ്ങൾക്കും പരിഷ്‌ക്കാരങ്ങൾക്കും ശേഷം ആണെങ്കിലും ഇന്നും നിലനിൽപ്പുണ്ട്. ഈ പള്ളികളുടെ സമീപവാസികൾ, തങ്ങളുടെ പള്ളികൾ തോമസ് അപ്പസ്‌തോലൻ സ്ഥാപിച്ചതാണെന്നു ഇന്നും വിശ്വസിക്കുന്നു. കേരളത്തിലെ വേറൊരു പള്ളിയും ഇങ്ങനെയൊരവകാശവാദം വച്ചു പുലർത്തുന്നില്ല. കൊല്ലത്തെയും കൊടുങ്ങല്ലൂരിലെയും നിലയ്ക്കലെയും പള്ളികൾ കാലാന്തരത്തിൽ അപ്രത്യക്ഷമായി. ഇന്ന് ഈ സ്ഥലങ്ങളിൽ കാണുന്ന പള്ളികളൊന്നും അപ്പസ്‌തോലൻ സ്ഥാപിച്ചതാണെന്ന് അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ലെന്ന വസ്തുതയും ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു.

അപ്പസ്‌തോലൻ സ്ഥാപിച്ച പ്രാർത്ഥനാലയങ്ങളെല്ലാം തന്നെ റോമൻ വർത്തകർക്കു സുപരിചിതമായ വാണിജ്യകേന്ദ്രങ്ങളിൽ കൂടിയായിരുന്നു എന്നാണ് പെരിപ്ലസിൽ നിന്നും മനസിലാവുന്നത്. നല്ലയിനം കുരുമുളക് ലഭിച്ചിരുന്നതുതന്നെ ബൊറാക്കൊയിൽ (പുറക്കാട്) നിന്നായിരുന്നുവെന്നാണ് റോമൻ ചരിത്രകാരനായ പ്ലിനി നടത്തിയ വിവരങ്ങളിൽ നിന്നും ഊഹിക്കേണ്ടത്. അന്നു കപ്പൽ മാർഗ്ഗം ഈ സ്ഥലങ്ങളിലെല്ലാം തന്നെ എത്തിച്ചേരാൻ സാധ്യമായിരുന്നതുമാണ്. അക്കാലത്ത് കൊടുങ്ങല്ലൂർ മുതൽ നിരണം വരെയും അവിടെ നിന്നും പുറകോട്ടുമാറി പുറങ്കടലിലേക്കും കപ്പലുകൾക്കു സുരക്ഷിതമായി യാത്ര നടത്തുവാൻ സാധ്യമായിരുന്നുവെന്നാണ് ഐ.സി.ചാക്കോയെ ഉദ്ധരിച്ചുകൊണ്ട് കേരള ചരിത്രകാരനായ പി.കെ.ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. അതിനുശേഷം മണ്ണിടിഞ്ഞുവീണാണ് അതിലെയുള്ള ഗതാഗതം അസാധ്യമായിത്തീർന്നത്. നിലയ്ക്കൽ മാത്രമാണ് ഏക ഉൾനാടൻ പ്രദേശം. അവിടെയും വള്ളത്തിൽ കൂടി എത്തിച്ചേരാൻ സാധ്യമായിരുന്നു എന്നാണ് പൊതുവെയുള്ള വിശ്വാസം. ഇതിൽ നിന്നും റോമന് വാണിജ്യ സമ്പർക്കങ്ങളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ മാത്രമാണ് അപ്പസ്‌തോലൻ ക്രൈസ്തവ കൂട്ടായ്മകൾ സ്ഥാപിച്ചതെന്ന കാര്യവും സ്പഷ്ടമാണ്.

വാണിജ്യ സമ്പർക്കത്തിന്റെ ഭാഗമായി നിരവധി വർത്തകരും കേരളത്തിലും തെക്കേ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും കുടിയേറി പാർത്തിരുന്നു. യവനരെന്ന് അറിയപ്പെട്ടിരുന്ന ഈ വർത്തക വിഭാഗക്കാർ ഇവിടെ താമസിച്ചിരുന്നത് കപ്പലുകൾ എത്തുമ്പോൾ അവയ്ക്ക് അവശ്യാനുസരണം ചരക്കുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനു വേണ്ടിയായിരുന്നു. രാജാക്കന്മാരുടെ അംഗരക്ഷകരായും യവനരുടെ സേവനം തെക്കേ ഇന്ത്യയിലെ പല രാജ്യങ്ങളിലും ഉപയോഗപ്പെടുത്തിയിരുന്നു. യവനരെന്നു പൊതുവെ അറിയപ്പെട്ടിരുന്ന വിഭാഗത്തിൽ സാക്ഷാൽ യവനരും റോമാക്കാരും അറബികളും ഫിനാഷ്യരുമൊക്കെ ഉൾപ്പെട്ടിരുന്നു. കേരളത്തിലെത്തിയ യഹൂദരും ഈ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കണം. യഹൂദരാണെങ്കിൽ തോമസ് അപ്പസ്‌തോലന്റെ ആഗമനത്തിനു മുൻപുതന്നെ കേരളത്തിലെത്തിയിട്ടുണ്ടാകുമെന്നാണ് മൊറയിസിനെ പോലെയുള്ള ചരിത്രകാരന്മാരുടെ അഭിപ്രായം.

തോമസ് അപ്പസ്‌തോലന്റെ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ അന്ന് അധിവസിച്ചിരുന്ന യവനരുടെ സാന്നി ധ്യം വളരെയേറെ പ്രയോജനകരമായിത്തീർന്നിട്ടുണ്ടാകണം. തന്റേതിൽ നിന്നും വ്യത്യസ്തമായ ഭാഷ സംസാരിക്കുന്ന കേരളീയരോടും ആശയവിനിമയം നടത്തുന്നതിനുതന്നെ യവനസാന്നിധ്യം വളരെയേറെ സഹായകരമായിട്ടുണ്ടാകണം. തന്മൂലം ആദ്യമായി ക്രൈസ്തവ ധർമ്മത്തിലേക്ക് ആകർഷിക്കപ്പെട്ടതും ഈ യവനവിഭാഗം തന്നെയായിരിക്കാനാണു സാധ്യത. തദ്ദേശീയരിൽ ക്രൈസ്തവ സന്ദേശം എത്തിച്ചതും അവരെ ക്രൈസ്തവ ധർമ്മത്തിലേക്കാകർഷിച്ചതും അതിനുശേഷം മാത്രമായിരിക്കണം . തോമസ് അപ്പസ്‌തോലൻ ക്രൈസ്തവ ധർമ്മത്തിലേക്കാകർഷിച്ചവർ ഏറിയ പങ്കും അന്നത്തെ സമൂഹത്തിലെ ഉയർന്ന വിഭാഗക്കാർ തന്നെ ആയിരുന്നുവെന്നു കരുതപ്പെടുന്നു. ഇങ്ങനെ ഉയർന്ന വിഭാഗക്കാരെ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള ക്രിസ്തീയ കൂട്ടായ്മയുടെ രൂപീകരണം തീർച്ചയായും ഇതര രാജ്യങ്ങളിലെ ക്രിസ്തീയ രൂപീകരണത്തിൽ നിന്നും വ്യത്യസ്തമാണുതാനും.

തോമസ് അപ്പസ്‌തോലൻ കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും ക്രൈസ്തവ സന്ദേശം പ്രഘോഷിക്കുകയുണ്ടായി. കേരളത്തിലേതുപോലെയുള്ള സുദൃഢമായ റോമൻ വാണിജ്യ സമ്പർക്കങ്ങളും യവന-റോമൻ സാന്നിധ്യവുമാണ് അപ്പസ്‌തോലനെ അങ്ങോട്ട് ആകർഷിക്കുവാൻ കാരണമായിത്തീർന്നതെന്ന് പറയുവാൻ സാധിക്കും. റോമൻ വർത്തകർ, കുരുമുളക് വാങ്ങുന്നതിനുവേണ്ടി മാത്രമായിരുന്നില്ല അവരുടെ കപ്പലുകളായി മുസ്സിറസ്സിൽ എത്തിയിരുന്നത്. തെക്കേ ഇന്ത്യയിലെ ഇതര ഭാഗങ്ങളിൽ നിന്നും ലഭ്യമായിരുന്ന വൈഢൂര്യവും മുത്തും പവിഴവും കൂടി അവരുടെ വ്യാപാര പട്ടികയിൽ ഉൾപ്പെട്ടിരുന്നു. അവയെല്ലാം റോമിൽ വളരെ പ്രിയമുള്ള ആഡംബര വസ്തുക്കളായിരുന്നു. ഇവയിൽ വൈഢൂര്യത്തിന്റെ പ്രഭവസ്ഥാനം കോയമ്പത്തൂരും പവിഴത്തിന്റേതും മുത്തിന്റേതും തൂത്തുക്കുടിക്കടുത്തുള്ള പ്രദേശങ്ങളിലുമായിരുന്നു.

എന്നിരുന്നാലും അവയുടെ വ്യാപാരവും കയറ്റുമതിയുമെല്ലാം മുസ്സിറസ്സിലാണ് നടന്നിരുന്നത്. ഇന്ത്യയുടെ കിഴക്കൻ തീരത്തേക്ക് കന്യാകുമാരി ചുറ്റിയുള്ള കപ്പലോട്ടത്തിനു റോമൻ നാവികർ ഒന്നാം ശതകത്തിൽ ഒരുമ്പെടാതിരുന്നതാണ് ഇതിനുള്ള കാരണമായി മാർട്ടിൻ വിലർ അഭിപ്രായപ്പെടുന്നത്. തന്മൂലം പാലക്കാടൻ മലയിടുക്കിൽ കൂടിയായിരിക്കണം കച്ചവട ചരക്കുകൾ മുസ്സിറസ്സിൽ എത്തിയിരുന്നതെന്നാണ് വിലറുടെ നിഗമനം. ഇവയുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് കേരളത്തിലേതുപോലെ തമിഴ്‌നാട്ടിൽ പലയിടത്തും റോമൻ സെറ്റിൽ മെന്റുകളുമുണ്ടായിരുന്നു. കോയമ്പത്തൂരിലും പൊള്ളാച്ചിയിലും നിന്നും കണ്ടെടുത്ത റോമൻ നാണയങ്ങളും പോണ്ടിച്ചേരിക്കടുത്തുള്ള അരിക്കമേട്ടിൽ നിന്നും കണ്ടുകിട്ടിയ റോമൻ പിഞ്ഞാണപാത്രങ്ങളും ഉപകരണങ്ങളും നൽകുന്ന സൂചനയനുസരിച്ച് ഒന്നാം ശതകത്തിലാണ് ഇങ്ങനെയുള്ള സെറ്റിൽമെന്റുകൾ നിലവിലിരുന്നത് എന്നും കാണുന്നു.

റോമൻ വാണിജ്യ സമ്പർക്കത്തിന്റെ ചുവടുവച്ച്-അതും സമ്പർക്കം ഏറ്റവും സജീവമായിരുന്ന ഒന്നാം ശതകത്തിൽ- ചോള മണ്ഡലത്തിലെത്തിയ അപ്പസ്‌തോലൻ ക്രൈസ്തവ സന്ദേശം അവിടെ എത്തിക്കുകയും നിരവധി ആളുകളെ ക്രൈസ്തവ ധർമ്മത്തിലേക്കാകർഷിക്കുകയും ചെയ്യുകയുണ്ടായി. അങ്ങനെ ക്രൈസ്തവ കൂട്ടായ്മകൾക്ക് തുടക്കം നൽകിയതിൽ രോഷം പൂണ്ട ചിലർ, തോമസ് അപ്പസ്‌തോലനെ അവിടെ വച്ചു വധിച്ചു എന്നാണു കേരളത്തിലെ പാരമ്പര്യം. അവിടെയുള്ള മൈലാപൂരിൽത്തന്നെ അപ്പസ്‌തോലന്റെ ഭൗതികശരീരം സംസ്‌കരിക്കുകയുമാണുണ്ടായത്. അതിനുശേഷം കേരളത്തിൽനിന്നും വളരെ അകലെ മൈലാപൂരിലുള്ള അപ്പസ്‌തോലന്റെ ശവകുടീരം സന്ദർശിക്കുക എന്നുള്ളതു കേരളത്തിലെ ക്രൈസ്തവരുടെ ഒരാചാരമായിത്തീർന്നു.

മൈലാപ്പൂരിലാണ് അപ്പസ്‌തോലന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നതെന്നാണ് അവിടം സന്ദർശിച്ച മാർക്കോപ്പോളോ അടക്കമുള്ള സഞ്ചാരികളുടെയും സാക്ഷ്യം. തോമസ് അപ്പസ്‌തോലൻ സ്ഥാപിച്ച ക്രൈസ്തവ കൂട്ടായ്മ പല കാരണങ്ങളുടെയും ഫലമായി മൈലാപൂരിൽ നിന്നും തിരോധാനം ചെയ്തപ്പോൾ, തോമസ് അപ്പസ്‌തോലന്റെ ശവകുടീരത്തിന്റെ സംരക്ഷണം ഇസ്ലാം മതവിശ്വാസികളായ ചിലർ ഏറ്റെടുത്തു എന്നും അതിനെ ആദരപൂർവം സംരക്ഷിച്ചുപോന്നു എന്നതും വളരെ ശ്രദ്ധേയമായ കാര്യങ്ങളാണ്, ചരിത്രസത്യങ്ങളുമാണ്. തന്മൂലം ക്രൈസ്തവരും അല്ലാത്തവരുമായ സഞ്ചാരികളും ഇന്ത്യൻ ക്രിസ്ത്യാനികളും നൂറ്റാണ്ടുകളായി ആദരിച്ചുവരുന്ന തോമസ് അപ്പസ്‌തോലന്റെ ശവകുടീരം, വാസ്തവത്തിൽ അപ്പസ്‌തോലന്റെ ഇന്ത്യാ സന്ദർശനത്തെപ്പറ്റിയുള്ള ഏറ്റവും ആധികാരികമായ ചരിത്രസാക്ഷ്യമാണെന്നു പറയുന്നതിൽ വലിയ അപാകതയുണ്ടെന്നു തോന്നുന്നില്ല.

തോമസ് അപ്പസ്‌തോലൻ രൂപീകരിച്ച ക്രൈസ്തവ കൂട്ടായ്മക്ക് ഒരു ആരാധനാക്രമം ഏർപ്പെടുത്തിയെന്നും വൈദികരെ നിയമിച്ചുവെന്നുമാണ് കേരളസഭയുടെ പാരമ്പര്യം. അറമായ (സുറിയാനി) ഭാഷയിൽ ആരാധനക്രമം തുടങ്ങിയതും അപ്പസ്‌തോലനാണെന്നാണ് വിശ്വാസം. തന്റെ മാതൃഭാഷയായിരുന്നതുകൊണ്ടു മാത്രമല്ല അറമായയെ ആരാധനഭാഷയായി തിരഞ്ഞെടുത്തത്. മറിച്ച് യവന സാന്നിധ്യവും അതിനൊരു കാരണമാണെന്ന് ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. കാരണം ഒന്നുകിൽ അതു യവനരുടെ തന്നെ ഭാഷയായിരുന്നിരിക്കണം. ചുരുക്കത്തിൽ റോമൻ വാണിജ്യ സമ്പർക്കങ്ങളുടെ ചുവടുവച്ചാണ് തോമസ് അപ്പസ്‌തോലൻ തെക്കേ ഇന്ത്യയിൽ ആഗതനായതും ക്രൈസ്തവധർമ്മ പ്രഘോഷണം നടത്തിയതും. അപ്പസ്‌തോലന്റെ എല്ലാ പ്രവർത്തന രംഗങ്ങളിലും വാണിജ്യസമ്പർക്കത്തിന്റെ സാമീപ്യം പ്രത്യക്ഷമായോ പരോക്ഷമായോ പ്രകടമാണുതാനും. ഈ സാമീപ്യം കേരള ക്രൈസ്തവ പാരമ്പര്യത്തിനു ചരിത്രത്തിന്റെ പരിവേഷം നൽകുവാൻ തികച്ചും പര്യാപ്തമാണെന്നുതന്നെ പറയാം. ഒരു തരത്തിൽ പറഞ്ഞാൽ റോമൻ സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിൽ പൗലോസ് അപ്പസ്‌തോലൻ നടത്തിയ ക്രൈസ്തവ പ്രഘോഷണം പോലെതന്നെയായിരുന്നു തോമസ് അപ്പസ്‌തോലന്റെ പ്രഘോഷണവും.

സാമ്രാജ്യത്തിനു പകരം വാണിജ്യ സമ്പർക്കമാണ് അതിനു വേദിയൊരുക്കിയതെന്നു മാത്രം. പൗലോസ് ഗ്രീക്കുഭാഷയിൽ ആരാധനാക്രമം പ്രചരിപ്പിച്ചു നടപ്പാക്കിയെങ്കിൽ തോമസ് അപ്പസ്‌തോലൻ അറമായ (സുറിയാനി) ഭാഷയിൽ അതു നടപ്പാക്കിയെന്നു മാത്രം. വിദേശ ഭാഷയായ അറമായയിൽ ആരാധന നടത്തുന്ന ക്രൈസ്തവ സഹോദരങ്ങളോടും സഹവർത്തിത്വം പുലർത്തിയ കേരളീയരുടെ സഹിഷ്ണുതയും ഇതിൽ പ്രതിഫലിച്ചു കാണാവുന്നതാണ്.

കടപ്പാട്ഡോ : കെ.വി. ജോസഫ്

No comments:

Post a Comment